2012, മാര്‍ച്ച് 8, വ്യാഴാഴ്ച

"തന്റേടം" ലിംഗമേള-2012, സ്ത്രീത്വം ആഘോഷിക്കൂ!!

വനിതാദിനത്തിൽ ബീഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തുകൊണ്ട് ലിംഗാഘോഷം (ജെന്‍ഡര്‍ ഫെസ്റ്റ്)പൊതുജനസ്ത്രീകള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടു. ആഘോഷത്തിന്റെ പത്താം നാള്‍ ഇന്ത്യയിലെ ആദ്യ ലിംഗപാര്‍ക്കിന് തറക്കല്ലിടും. സ്ത്രീകള്‍ക്കെതിരെ വളരേയധികം കയ്യേറ്റങ്ങള്‍ നടക്കപ്പെടുന്ന ബീഹാറില്‍ നിന്നുതന്നെയുള്ള മന്ത്രിയെ ഉത്ഘാടകനാക്കിയത് ഏതായാലും നന്നായി. സമീപഭാവിയില്‍ ബീഹാറിനെ കടത്തിവെട്ടി നമ്മുടെ നാട് മുന്നേറുമ്പോള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചെല്ലാം മന്ത്രി വേണ്ടപ്പെട്ടവരെ തെര്യപ്പെടുത്തുമായിരിക്കും.


സ്ത്രീത്വം ആഘോഷിക്കുന്നു (Celebrating Womanhood ) എന്നാണ് ആഘോഷപരിപാടികളുടെ മുദ്രാവാക്യം. ഒരു സിനിമാനടി പലതരം കുപ്പായങ്ങളും സാരികളുമൊക്കെ ധരിച്ച് സുന്ദരിയായിട്ടും കറവപ്പശുവിനെപ്പോലെ നിന്നിട്ടും പന്തുകളിച്ചിട്ടുമൊക്കെയുള്ള ഫോട്ടോകളും സംഘാടകര്‍ നാടായനാടൊട്ടുക്ക് ഒട്ടിച്ചും വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയും നല്ല പ്രചാരണം കൊടുക്കുന്നുണ്ട്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്നായി ചുവപ്പിച്ചുവെച്ച കോഴിക്കോട് നഗരത്തില്‍ സിനിമക്കാരും കേരളയാത്രക്കാരും മാര്‍ക്സിസ്റ്റ്കാരും ബാക്കിവെച്ച ചുമരുകളുണ്ടെങ്കില്‍ അതില്‍ പതിക്കാന്‍ മാത്രം താരസുന്ദരിയുടെ ചിത്രങ്ങള്‍ അച്ചടിച്ച വകയിലും "കമിംഗ് സൂണ്‍" എന്ന് ആയിരൊത്തൊന്നാവര്‍ത്തിച്ച വെബ്സൈറ്റ് നിര്‍മ്മാണത്തിനും കൂടി  രൂപ മുപ്പത് ലക്ഷ്ത്തോളം  മാത്രമേ ചെലവായിട്ടുള്ളൂ. വെറും മൂന്ന് കോടി മാത്രം മുടക്കിയാണത്രേ സമൂഹത്തിന്റെ വിവിധ തുറയില്‍ പെട്ട ആയ്യായിരത്തോളം സ്ത്രീ രത്നങ്ങളെ ആഘോഷത്തിന്റെ ഭാഗമായി അണിനിരത്തുന്നത്! നൂറ്റൊന്ന് നാരീമണികളെ ആദരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു.

ഉത്ഘാടനം കഴിഞ്ഞ് പിന്നീടങ്ങോട്ട് പത്ത് ദിവസം നിലക്കാത്ത പരിപാടികളുടെ പ്രവാഹമാണന്നാണ് സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പറയുന്നത്. ദേശീയപരിപാടിയായതിനാല്‍ പേരും ഒരുക്കിയ വെബ്സൈറ്റുമൊക്കെ പൂര്‍ണ്ണമായും ഇംഗ്ലീഷിലായതുകാരണം ശാക്തീകരണം അത്യാവശ്യമായിട്ടുള്ള സാധാരണ മലയാളി മങ്കമാര്‍ക്ക് ലിംഗപാര്‍ക്കിലും അനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിലും എന്ത് നടക്കുന്നൂ എന്നറിയില്ല എന്ന് സംഘാടകര്‍ക്കാശ്വസിക്കാം.

മേളയുടെ പേരില്‍ വിവാദങ്ങള്‍ ഇപ്പോള്‍ത്തനെ വന്നുകഴിഞ്ഞു. പണം തട്ടാനാണെന്ന് പ്രതിപക്ഷം. പരിപാടിയുടെ മാര്‍ക്കറ്റിംഗിനായി സ്ത്രീശരീരം പരിധിവിട്ട് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ക്കെതിരെ അന്വേഷി. പെണ്ണുങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് മാര്‍ക്സിസ്റ്റ് വനിതകള്‍. സിനിമാനടി സ്ത്രീയായതുകൊണ്ടാണ് ബ്രാൻഡ് അമ്പാസഡറാക്കിയതെന്ന ജമണ്ഡൻ തമാശയും മന്ത്രി തട്ടിവിട്ടിട്ടുണ്ട്.

ലോകവനിതാദിനം പ്രമാണിച്ച് ഇത്രയും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന സംസഥാനസര്‍ക്കാറിനെ മുക്തകണ്ഠം പ്രശംസിക്കുന്നതിന് പകരം കുത്തിപ്പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ, സൗമ്യയുടെ ദാരുണാന്ത്യവും തുടര്‍ന്ന് പെരുമഴപോലെ വന്ന തീവണ്ടി പീഡനശ്രമങ്ങളും നമ്മെ നോക്കി ഇളിച്ചുകാട്ടുമ്പോഴും ഒരു പ്രസ്താവനയിലൊതുങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഇന്നും കടലാസില്‍ വിശ്രമിക്കുമ്പോള്‍ സ്ത്രീത്വം ആഘോഷിക്കാനുള്ള ഈ വെമ്പലില്‍ ഒരല്പ്പം വേദനയുണ്ട്. കുടുംബകോടതികളിലും മറ്റ് നീതിപീഠങ്ങളിലും  സ്ത്രീകള്‍ക്ക് നീതിലഭിക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പുകല്പ്പിക്കാനായി ഒരു പത്ത് ദിവസത്തെ നീതിമേള നടത്തിയിട്ടാവാമായിരുന്നു സ്ത്രീത്വം ആഘോഷിക്കല്‍. അത്താണിയില്ലാത്ത സാധുസ്ത്രീകള്‍ക്കായി ഒരു ആലംബാലയം തുറന്നിട്ട് മതിയായിരുന്നു ഡിജിറ്റല്‍ ആര്‍കൈവ്സുകളും മ്യൂസിയങ്ങളും കണ്‍‌വെന്‍‌ഷന്‍ സെന്ററുകളും തുറന്നിടാന്‍. വൃത്തിഹീനമായ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവവേദനായാല്‍ പുളയുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാകട്ടെ പാര്‍ക്കുകള്‍. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് വേണ്ടിയാകണം ശാക്തീകരണം. ക്ഷേമത്തിന് നിത്യക്ഷാമമുള്ള അധ:സ്തിതരിലും പാവപ്പെട്ടവരിലും നിന്നുവേണം സാമൂഹ്യക്ഷേമം തുടങ്ങാന്‍. അവര്‍ക്ക് വേണ്ടത് പാര്‍ക്കുകളല്ല, പാര്‍ക്കാന്‍ സുരക്ഷിതമായ കൂരകളാണ്, ആഘോഷമല്ല, ആശ്വാസമാണവര്‍ക്കാവശ്യം.

പ്രകടനപരതയാണിത്. കഞ്ഞിയില്ലാത്തവന് കാറ് നല്‍കുന്ന വിരോധാഭാസം. സ്ത്രീകളെ സഹജീവികളായിക്കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കാനും തയ്യാറാവാത്ത ഒരു വിദ്യാഭ്യാസ സാമൂഹിക ചുറ്റുപാട് വളരേ ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ സ്ത്രീകളെ അവര്‍ക്കായി ഒരു പാര്‍ക്കൊരുക്കി അതിലടച്ച് പൂട്ടി സം‌രക്ഷിക്കുകയല്ല വേണ്ടത്. അവര്‍ക്കായി സുരക്ഷിതമായ ജീവിതസാഹചര്യങ്ങളൊരുക്കണം. ഇത്തരം ആഘോഷങ്ങളുടെയും പാര്‍ക്കുകകളുടെയും ഗുണഭോക്താക്കളാകുന്ന സ്ത്രീകള്‍ പലപ്പോഴും ശാക്തീകരണത്തിന്റെ ചോദ്യഛിഹ്നങ്ങള്‍ക്ക് മീതെയാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും പലപ്പോഴും എത്തിപ്പെടാത്ത സ്ത്രീത്വങ്ങളാണ് ശാക്തീകരണമില്ലെങ്കില്‍ വേണ്ട, ഒരു  കൈത്താങ്ങെങ്കിലും നോക്കി കാത്തിരിക്കുന്നത്.

സ്ത്രീകള്‍ തന്റേടം കാണിക്കണമെന്നും അതിന്നായി അവരെ സജ്ജ്മാക്കലാണ് ലക്ഷ്യമെന്നുമാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞിടത്തോളം മനസ്സിലായത്. എന്നാല്‍ തന്റേടം കാണിച്ചുകൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നടത്തുന്ന ഈ പദ്ധതി തന്റേടമില്ലാത്ത സ്ത്രീകള്‍ക്ക് എങ്ങിനെ ഉപകാരപ്പെടുമെന്ന് മന്ത്രിയങ്ങുന്ന് (തന്റേടം കാണിച്ച് കാണിച്ച് അരവകുപ്പിന്റെ മന്ത്രിയായി ഒതുങ്ങിപ്പോയ ആളാണ്) ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം.

കുറിപ്പ്: ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ലിംഗം എന്നാണ് മിക്ക ഡിക്ഷണറികളും അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഇനം, ജാതി എന്നുമൊക്കെ അര്‍ത്ഥമുണ്ട്.

2012, ജനുവരി 25, ബുധനാഴ്ച

മാധ്യമധർമ്മം- ഒരു വഴിത്തിരിവ്

"Rules are for others to obey and us to deny"
നിയമങ്ങൾ മറ്റുള്ളവർക്ക് അനുസരിക്കാനുള്ളതും നമുക്ക് ലംഘിക്കാനുള്ളതുമാണെന്ന് ഒരു ചൊല്ല് നിലവിലുണ്ട്. ഏറ്റവും അവസാനമായി നമ്മുടെ മാധ്യമങ്ങൾ കൊണ്ടാടിയ ഈ-മെയിൽ വിവാദത്തിൽ രണ്ട് പ്രമുഖപത്രങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും വിഷം കലക്കലുമൊക്കെ കണ്ടപ്പോളോർത്തുപോയതാണ് പണ്ടേതോ ഒരു സാധാരണക്കാരൻ ഇംഗ്ലീഷിൽ പറഞ്ഞ ഈ ചൊല്ല്.

ധർമ്മം എന്ന ഒന്നുണ്ടത്രെ. ഭാരതീയപുരാണങ്ങളിലും ചരിത്രങ്ങളിലുമൊക്കെ ആയിരത്തൊന്നാവർത്തിച്ച ധർമ്മമാണ് പഴയ തലമുറ കേട്ടുപഠിച്ചതെങ്കിൽ, വൃക്കയുടെയും കരളിന്റെയുമൊക്കെ ധർമ്മമാണ് പുതുതലമുറ പഠിച്ചുകൊണ്ടിരിക്കുന്നത്! ധർമ്മവിഷയത്തിലെ ഈ പരിണാമം മാധ്യമങ്ങളുടെ കാര്യത്തിൽ മുന്നേ നടപ്പിലായിക്കഴിഞ്ഞു.

ഫോർത്ത് എസ്റ്റേറ്റ് എന്ന ബഹുവിശിഷ്ട പദവിയിലാണത്രെ മാധ്യമങ്ങളെ വാഴിച്ചിട്ടുള്ളത്. വാർത്തകളിലെ സത്യവും അസത്യവും വേർതിരിച്ച് പൊതുജനത്തിനെത്തിച്ചും സമൂഹസൃഷ്ടിയിൽ ഗുണപരമായ നേതൃത്വം വഹിച്ചുമാണ് മാധ്യമങ്ങൾ തങ്ങളുടെ ധർമ്മസംസ്ഥാപനം നടത്തേണ്ടത്. പുഴക്കടവിലെ പെണ്ണുങ്ങളുടെ വാർത്താപ്രക്ഷേപണം പോലും തോറ്റുപോവുന്ന തരത്തിൽ ധർമ്മം നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ കണ്ടതും കേട്ടതും എഴുതിയും പ്രക്ഷേപണം ചെയ്തും പോരാഞ്ഞ് ഒളിയജണ്ടകൾക്കായി തോന്നിയത് എഴുതിപ്പിടിപ്പിച്ചും വാർത്തകളും എക്സ്ക്ലൂസീവുകളും മെനയുമ്പോൾ കൊല്ലപ്പെടുന്നത് ധർമ്മം തന്നെ.

പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞുനാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ്ബുള്ളറ്റിനുകളും പേജുകളും വരേ!!

ഓരോ പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ/മത/ജാതി സംഘടനകളുടെ മൗത്ത് പീസാണ്. കക്ഷിത്വമേൽവിലാസമില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാണിക്കാൻ ആർക്കു സാധിക്കും? "നമ്മുടെ ഭാഗം" പറയാൻ നമുക്കും വേണം ഒരു പത്രവും ചാനലും എന്നതാണ് നടപ്പ്.

വാർത്തകളുടെ ഭാരം ചുമന്ന് വായനക്കാർക്കെത്തിക്കുന്ന താഴേക്കിടയിലുള്ള മാധ്യമതൊഴിലാളികളുടെ അടിസ്ഥാന തൊഴിലവകാശങ്ങൾ  പുല്ലുവില കൽപ്പിക്കാതെ  ചവിട്ടിയരച്ച മാധ്യമയക്ഷി (പരസ്യം വിറ്റ് പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്നവരെ മുത്തശ്ശിമാരെന്ന് വിളിക്കാനെന്റെ സാമാന്യബോധം സമ്മതിക്കുന്നില്ല) മുതൽ സ്വന്തം ജീവനക്കാരുടെ കിടപ്പാടം പണയംവെച്ച് പുട്ടടിച്ച പുതുവർത്തമാനക്കാർ വരേ അരങ്ങുവാഴുന്ന മാധ്യമമാടമ്പിമാർ പൊതുസമൂഹത്തോട് ധർമ്മം പുലർത്തുമെന്ന് വിശ്വസിക്കാൻ മാത്രം മൗഡ്യം നമുക്കുണ്ടോ?

 ഒരു പത്രമെഴുതിവിട്ടത് ഇങ്ങനെ- "മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ. എല്ലാ തെറ്റുകളും ദുരുദ്ദേശ്യപരമായിക്കൊള്ളണമെന്നുമില്ല".
ധർമ്മവും സ്വാതന്ത്ര്യവും വേർതിരിക്കുന്ന വരമ്പിൽ നിന്നുകൊണ്ട് ഇത്കൂടി വായിക്കുമ്പോൾ നമുക്ക് വരാനിരിക്കുന്ന നാളെയുടെ ഒരേകദേശ ചിത്രം കിട്ടും.

ഇന്ത്യന് മാധ്യമചരിത്രത്തിലെ ഒരു കുലപതി ഈയ്യിടെ മരണമടഞ്ഞപ്പോൾ ഏ.കേ. ആന്റണി തന്റെ ദു:ഖം പ്രകടിപ്പിക്കൽ ഒരു സന്ദേശത്തിലൊതുക്കിയത് വലിയ ചർച്ചയായി. കരുണാകരനെ വീഴ്ത്തി ആന്റണിയെ മുഖ്യമന്തിക്കസേരയിൽ പ്രതിഷ്ഠിക്കാൻ മാധ്യമമുതലാളിയും പത്രവും അണിയറയിൽ കഠിനാധ്വാനം ചെയ്തതോർത്തെങ്കിലും കേന്ദ്രമന്ത്രി ഉപകാരസ്മരണ കാണിക്കണമായിരുന്നുവെന്ന് ഒരു "വലിയ" നിരീക്ഷകൻ നിരീക്ഷിച്ചു കളഞ്ഞു!! കരുണാകരനെ നാറ്റിച്ചു താഴെയിറക്കാനുള്ള പരക്കം പാച്ചിലിനിടെ ശൂന്യാകാശത്ത് ചാരപ്പുകമറയിട്ട്, നാടിനായി ജീവിതമുഴിഞ്ഞ് വച്ച പ്രമുഖ ശാസ്ത്രകാരന്മാരുടെയും നിരപരാധികളായ ചില വിദേശവനിതകളുടെയും ജീവിതവും കുടുംബവും തകർത്ത് തരിപ്പണമാക്കിയതും തുടർന്ന് സ്വാഭാവികവിസ്മൃതിയിലേക്കാഴ്ത്തിയതും ആരും മറന്നിട്ടില്ല. ധർമ്മമാണത്രേ!

ഒരേ വാർത്ത പത്ത് പത്രങ്ങൾ പത്ത് തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സത്യത്തിന്റെ മുഖമാണ് മറച്ചുവെക്കപ്പെടുന്നത്. പൊതുജനത്തിനോ, പ്രശ്നങ്ങളിലെ ഇരകൾക്കോ അർഹമായ നീതിയാണിവിടെ നിഷേധിക്കപ്പെടുന്നത്. "ധർമ്മം" കോർപ്പറേറ്റ് വല്ല്ക്കരിക്കപ്പെടുകയോ വാണിജ്യവത്ക്കരിക്കപെടുകയോ ഒക്കെ ചെയ്യുമ്പോൾ സമ്പന്ന ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങൾ മാത്രം നടപ്പിലാവുകയും ഭൂരിപക്ഷം ഒളിയജണ്ടകളുടെ ഉച്ഛൈഷ്ടം തിന്നാൻ മാത്രം വിധിക്കപ്പെടുകയും ചെയ്യുന്നു. ഈ ധർമ്മമാണ് കാലാകാലങ്ങളായി ഫോർത്ത് എസ്റ്റേറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.

സമൂഹം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന് പടപൊരുതിയ ചരിത്രം,നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മാധ്യമപ്പടക്കുണ്ടോ? വിഷയങ്ങൾ വിവാദങ്ങളാക്കുകയും ചേരിതിരിഞ്ഞ് ഉടുമുണ്ട് പൊക്കി പരസ്പരം അസഭ്യവർഷം ചൊരിഞ്ഞ് അടുത്ത സ്കൂപ്പിന്നായി ക്യാമറതിരിക്കുമ്പോൾ പിന്നാമ്പുറത്ത് തേങ്ങുന്നത് പീഡിപ്പിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട മാധ്യമധർമ്മമാണ്.

കാലം കാതോർക്കുന്ന വാർത്തകൾക്കായി ലൗ ജിഹാദ് നടത്തുന്നവരും നേരത്തേ അറിയിക്കാനുള്ള വ്യഗ്രതയിൽ നേര് മറന്നുപോവുന്നവരും ശൂലമേന്തിയും ളോഹയിട്ടും തൊപ്പിവച്ചും സത്യത്തെ തങ്ങൾക്ക് തോന്നിയ രൂപത്തിൽ എക്സ്ക്ലൂസീവാക്കുമ്പോൾ ധർമ്മം മറന്ന്
 പോവുന്നത് സ്വാഭാവികം മാത്രം!

മാധ്യമമുതലാളിമാരുടെ നടുമുറ്റത്ത് ചെന്ന് നമുക്ക് യാചിക്കാം- അമ്മാ, ധർമ്മം തരണേ...

2011, നവംബര്‍ 20, ഞായറാഴ്ച

വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ്

ഇന്ന്, നവം‌ബര്‍ ഇരുപത്- വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ് തികയുന്നു. ചരിത്രത്തിന്റെ അവഗണനയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍. ലോകസുന്ദരിയുടെ കന്നിപ്പേറും മദ്യനയത്തിലെ മായവും കള്ളുരാജാവിന്റെ വിമാനക്കടവുമൊക്കെ പ്രധാനവാര്‍ത്തയായപ്പോൾ‍ കുറേ ധീരദേശാഭിമാനികളെ നാം സൗകര്യപൂര്‍‌വ്വം മറന്നുകളഞ്ഞു. പലര്‍ക്കും അവരെ അറിയില്ല തന്നെ!  ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ചരിത്രസംഭവമായ മലബാര്‍ സമരങ്ങളെ പലപ്പോഴും മാപ്പിളലഹളയും മലബാര്‍കലാപവുമൊക്കെയാക്കി നമ്മുടെ ചരിത്രകാരന്മാര്‍ എന്നേ മൂലയിലൊതുക്കിക്കളഞ്ഞിട്ടുണ്ട്. മലപ്പുറത്തെ ചില സംഘടനകളോ ഏതാനു ചില രാഷ്ട്രീയക്കാരോ ഒരു സ്മരണപുതുക്കല്‍ നടത്തുന്നതൊഴിച്ചാല്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്കരിച്ചു കളഞ്ഞിരിക്കുന്നൂ ധീരരായ ആ രാജ്യസ്നേഹികളെ ആദരിക്കേണ്ടതിനെ ആവശ്യകത.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍  "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.


1921ലെ മലബാര്‍ സമരങ്ങളുടെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പടയോട്ടത്തിന്റെയും ഫലമായി ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരക്കാര്‍ക്കെതിരില്‍ ബ്രിട്ടീഷ് അധികാരികള്‍ എണ്ണമറ്റ കേസുകള്‍ ചുമത്തി. മലബാറ് സമരക്കാരെ ശിക്ഷിക്കാനായി പ്രത്യേകം നിയുക്തമായ പട്ടാളക്കോടതി, തോന്നിയപോലെ കിട്ടിയവരെയൊക്കെപ്പിടിച്ച് ശിക്ഷ വിധിച്ചു. നീതിയോ ന്യായമോ നടപ്പാക്കുകയായിരുന്നില്ല ഈ ഏകാധിപത്യകോടതിയുടെ ലക്ഷ്യം. മലബാറിലെ സമരക്കാരുടെ വീര്യം കെടുത്തുകയും അവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും മാത്രമായിരുന്നു  ഇല്ലാത്ത കേസുകളിലെ വല്ലാത്ത വിധികള്‍ കൊണ്ടുദ്ദേശം. നാട്ടിലുള്ള മിക്ക പുരുഷന്മാരും പല കേസുകളിലായി ശിക്ഷിക്കപ്പെട്ടു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. അങ്ങിനെയാണ് ബാക്കി വന്ന തടവുകാരെ ബെല്ലാരി ജയിലിലേക്ക് അയക്കാന്‍ തീരുമാനമായത് (പോത്തന്നൂരിലേക്ക് എന്നും ചരിത്രത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്).

വാതിലുള്ള തീവണ്‍ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്,‍ ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ‍ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന്‍ ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര് മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്‍ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍  അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).

ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.

വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം,  ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.

ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ

കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും